Saturday, April 18, 2009

മുക്കല്ലടുപ്പ്‌

മുക്കല്ലടുപ്പ്‌
--------------
മുറ്റത്തു മുക്കല്ലടുപ്പിലുണ്ട്‌
മറ്റൊന്നുമല്ലെന്റെയല്ലലാണ്‌
വെന്തുവരുന്നതെന്‍ പാഥേയം.

Thursday, April 2, 2009

പോക്കുപാട്ട്‌

പോക്കില്ലാത്തോന്‍നേരംപോക്കിനു
പോക്കണക്കേടു പറഞ്ഞേക്കാം.
പോക്കുവരത്തിനു മാന്യതയുണ്ടേല്‍
നാണക്കേടു മറന്നേക്കാം.
കൈയില്‍ കടമായ്‌ കാശുകിടച്ചാല്‍
കാച്ചാം പുളിശ്ശേരി.
വിറ്റുതുലയ്‌ക്കാന്‍ വല്ലതുമുണ്ടേല്‍
വീരവിരാട വിനോദം വിഭോ.

Wednesday, July 30, 2008

കഴിഞ്ഞ പാഠം (കവിത)

ഓര്‍മ്മകളങ്ങനെയാണ്‌
ആളൊഴിഞ്ഞാലും
ഗന്ധമായി കൂടെക്കൂടെ.

ഏതു മഴയിലാണ്‌
ആകാശം നനയുന്നത്‌?
നിരൂപിച്ചതിനപ്പുറം
മുകിലെഴുത്തുകള്‍
‍കാറ്റെത്ര പെട്ടെന്ന്‌
വായിച്ചു മറിച്ചുകളയുന്നു.

പാറിത്തുടങ്ങുന്ന
പട്ടത്തിനഴിച്ചുകൊടുക്കുന്ന
നൂലുപോലെയാണ്‌
അന്തമറ്റ വിചാരങ്ങള്‍
‍സഞ്ചാരങ്ങള്‍
ഒടുവില്‍ കാറ്റിറുത്തിട്ട
നിഴല്‍ വീണപൂവ്‌.

മുറിച്ചുമുറിച്ച്‌
മുറികളാക്കിത്തിരിച്ച്‌
വീടെന്ന കല്‌പന
കാറ്റുകടക്കാതെ
ആളുകടക്കാതെ
കതകുകള്‍
മുദ്രവച്ച്‌
വെളിച്ചമുണ്ടെന്ന്‌
പുലമ്പി
ഇരുട്ടു ചൂടുന്നു.


കലാപം കഴിഞ്ഞ്‌
തെരുവുപേക്ഷിച്ച
സമയം കൂട്ടിയിട്ട ശിഷ്ടം.
മുറിഞ്ഞുകിടക്കുന്ന
കുഞ്ഞുങ്ങളുടെ തുണ്ടുകള്‍
തകര്‍ന്ന പ്രതിമകളെന്ന്‌
സമരസപ്പെട്ട്‌
വേച്ചുവേച്ച്‌
മുടന്തന്‍ നായ്‌ക്കള്‍.
നമ്മള്‍ പറഞ്ഞതും
പരിശ്രമിച്ചതുമെന്ത്‌?